കായലില്‍ സന്ധ്യാവന്ദനത്തിനിറങ്ങിയ വില്വമംഗലത്ത് സ്വാമിയാരുടെ മുന്നില്‍ കായല്‍ വഴിമാറി. പിന്നീട് പതിയെ ആ പ്രദേശം പ്രകൃതിരമണീയമായ ഒരു ദ്വീപായി രൂപപ്പെട്ടു. ഇന്ന് സഞ്ചാരികളുടെ പറുദീസയായ പാതിരാമണല്‍ ദ്വീപിനെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്ന ഒരു ഐതിഹ്യമാണിത്.
വേമ്പനാട്ട് കായലില്‍ കുമരകത്തിനും തണ്ണീര്‍മുക്കത്തിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ചെറുദ്വീപാണ് പാതിരാമണല്‍. പ്രകൃതി സൗന്ദര്യം കൊണ്ടും അപൂര്‍വ ഇനം പക്ഷികളുടെ ആവാസകേന്ദ്രം എന്ന നിലയിലും പ്രസിദ്ധമാണ് ഇവിടം.
റോഡുകളോ പാലങ്ങളോ ഇല്ലാത്ത ഇവിടേക്കുള്ള ഏക യാത്രാ മാര്‍ഗം ബോട്ടുകളും വള്ളങ്ങളുമാണ്. കല്ലു പാകിയ നടവഴികളിലൂടെ കാടിനെ ആസ്വദിച്ചുള്ള നടത്തമാണ് പാതിരാമണലിനെ ഏറ്റവും ആകര്‍ഷകമാക്കുന്നത്.
ജൈവ വൈവിധ്യത്തിന്റെ ദ്വീപ്!
ഇപ്പോള്‍ ജൈവ വൈവിധ്യ പൈതൃക പ്രദേശം കൂടിയാണ് പാതിരാമണല്‍. നാലിനം ശുദ്ധ കണ്ടല്‍ച്ചെടികളും ഒട്ടനവധി സഹ കണ്ടല്‍ സസ്യങ്ങളും നിറഞ്ഞതാണ് ദ്വീപ്.
160 പുഷ്പിത സസ്യങ്ങളും ഒമ്പത് ഇനം പന്നല് ചെടികളും 52 ഇനം മരങ്ങളും 21 ഇനം കുറ്റിച്ചെടികളും 72 ചെറുസസ്യങ്ങളും 13 തരം വള്ളിച്ചെടികളും ഇവിടെയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജന്തു വൈവിധ്യത്തില്‍ അഞ്ച് ഇനം സസ്തനികളും 18 ഇനം ഉഭയജീവികളും 12 തരം ഉരഗങ്ങളും 89 ഇനം പക്ഷികളും 18 തരം തുമ്പികളെയും ഇവിടെ കാണാം. ചിത്രശലഭങ്ങള്‍ തന്നെ 106 ഇനങ്ങളുണ്ട്.